Tuesday, June 17, 2014

വീട്


മുമ്പൊക്കെ ഓരോ ഗ്രാമത്തിലും 
അന്തിയാകുമ്പോൾ 
ഒരൊറ്റ വീട് 
ചതഞ്ഞ ചിരിയുള്ള 
വാതിൽ തുറക്കും 

ചാണക കറുപ്പിൽ
തേഞ്ഞ തഴപ്പായിൽ
സമത്തം സമത്തമെന്ന്
മുദ്രാവാക്യം മുഴക്കി
ഒരു ഉടൽ മരം
ഇരുട്ടിൽ പൂത്തു നിൽക്കും

ഇന്നും കണ്ണടച്ചാൽ
വസനിക്കാം

ഇത്തരം
രാത്രി മരത്തിൻ
കരുത്തിലാണ്
പകലത്രയും
മറ്റുള്ള പെണ്‍ മരങ്ങൾ
വനമായ് നടിക്കുക

തീ പടർന്ന കാലത്തെ
അത്തരം വീടുകൾ
ആരാധനാലയങ്ങൾ
പാർട്ടി ആപ്പീസുകൾ
എന്നിങ്ങനെ
മതം മാറി

ഉടൽ മരത്തിൻ
ഓർമ്മ
മണമായ് ബാക്കി

വർത്തമാന ഗ്രാമങ്ങൾ
പെറ്റു കൂട്ടും
പകലിരവുകളിൽ
പെണ്‍ മരങ്ങൾ നോക്കി നോക്കി
ഞങ്ങൾ നയിക്കുന്നു
കൊടും വനം വേട്ട

*******************

ഇനി നീ എഴുതുമ്പോൾ 
"ഞങ്ങൾ " 
എന്നുള്ളതു വേണ്ട 

മെലിഞ്ഞുണങ്ങിപ്പോയ 
നിന്റെ കവിതകളിൽ 
എന്നെ കൂട്ടി കെട്ടേണ്ട

ചുണ്ട് കൂട്ടിയുരുമ്മി
തീയുണ്ടാക്കിയതും
ചുരത്തിന്റെ
നിറുകയിലെ വീട്ടിൽ
കോടക്കൊപ്പം
കാണാപടവുകൾ
കയറിയതും

കുഴിച്ചു കുഴിച്ചു പോകെ
തളർന്നു പരസ്പരം
വിയർപ്പിൽ മാപ്പ്
എന്നെഴുതിയതും
എല്ലാം ശരി

ഞാൻ
നിന്റെ
കവിത പോലെ
മെലിഞ്ഞിട്ടല്ല

ഓടയിൽ ഒഴുകിത്തീരുന്ന
കൂട്ടങ്ങളെ ഓർത്തു
ചങ്ക് പൊട്ടുമ്പോൾ
പുകയുടെ
മരണക്കിണറിൽ
ഒരു പഴഞ്ചൻ
ബൈക്ക് എന്നപോലെ
കയറ്റിറക്കങ്ങൾ...

എനിക്ക്
പതിവില്ല


"വിപ്ലവം ആസന്നമായ്"
എന്ന് ഒച്ചയിട്ടൊടുങ്ങിയ
മുത്തച്ഛൻ എന്ന പോലെ ...

കിടക്കയിലെ പിരിയൻ
ഗോവണികളിൽ
ചുറ്റി പടിക്കുമ്പോഴും
വായിച്ചു കൂട്ടിയ
പുസ്തകത്തിലെ
ഏതോ മുഖമില്ലാത്ത
അച്ചിയുടെ
മണമില്ലാ നെഞ്ചിലേക്ക്നീ
തല പൂഴ്ത്തുന്നു

ഞാൻ നിന്റെ
കവിത പോലെ
മെലിഞ്ഞതല്ല

എന്റെ ഉത്സവങ്ങളെ
"ഞങ്ങൾ " എന്ന് കൊരുത്ത്
നീ കയ്യടക്കിയത് മതി

ഇനി എനിക്ക് സ്വയം
തടിച്ചു ചീർത്ത
ഒരു നോവലാകണം

Tuesday, April 22, 2014

കുതിരയെന്നോ കഴുതയെന്നോ
സംശയം തോന്നുന്ന
ഒരു ജന്തുവിൻ ചിത്രം
ആലേഖനം ചെയ്ത
ബസ്സിൽ
കൂത്താട്ടുകുള ത്തുനിന്നും
ഓണക്കൂർ പാലം കടന്ന്
തൃപ്പൂണി ത്തുറക്ക്‌രാവിലെ
പോകുന്ന 7.45 ൻറെ
ട്രിപ്പിൽ
ഏറ്റവും പിന്നിലായി
എന്നുമുണ്ടാകും
മാർക്വസ്

ലീഫ് സ്റ്റോം കേണലിന്റെ
മുഖം
ലവ് ഇൻ ദി ടൈംസ്‌ ഓഫ് കോളറയുടെ
മഞ്ഞയും വെളുപ്പും
കലർന്ന ചട്ട കൊണ്ട് മറച്ച
ചിരി
വാളിയപ്പാടത്ത് വീട്
മണിമലക്കുന്നു കോളേജിൽ
പ്രീ ഡിഗ്രി
മഹാരാജാസിൽ
ഡിഗ്രി
ലെനിൻ സെൻറർ
വായനാ മുറിയിൽ ...
മാർക്വസ്..ഞാൻ അറിയും

മുത്തച്ഛന്റെ ശതദിനയുദ്ധകഥ
ഒരിക്കൽ സീറ്റ് പങ്കിട്ട പ്പോൾ
പറഞ്ഞത് ഓർക്കുന്നു

മറ്റൊരിക്കൽ
അരക്കാറ്റക്കയിലാണ്
ജനനമെന്നും
കൊളംബിയ സർവ്വ കലാശാലയാണ്
തട്ടകം എന്നും തിരുത്തി

ഒരു വൈകുന്നേരം
സഖാവ് വിജയൻറെ കൂടെ
വിക്ടറി കോളേജ് തിണ്ണയിൽ
കവിത ചൊല്ലുന്നു
പേര് ചോദിച്ചപ്പോൾ
സെപ്ടിമസ് എന്ന് ഉത്തരം

പാമ്പാക്കുടയിലും
പിറവത്തും പാഴൂരും
കൂണ് മുളച്ചപോലെ
ആരാധകരായപ്പോൾ
ഒരു ഇടതുപക്ഷ
സ്വതന്ത്രനായി
മത്സരിച്ചു :
തോറ്റു .
പാർട്ടിക്കാർ പറഞ്ഞത്
കേൾക്കാതെ
മാലയിട്ടു മല ചവിട്ടി

ഇപ്പോൾ എന്ത് ചെയ്യുന്നു
ബസ്‌ യാത്രയിൽ ഞാൻ ചോദിച്ചു
" ഒറ്റിക്കൊടുപ്പിന്റെ
മലയാള ദിനങ്ങൾ "
എന്നൊരു നോവൽ
എഴുതുന്നു എന്ന് പറഞ്ഞ്
ചാടിയെണീറ്റ്
ആരക്കുന്നത്ത്
ഇറങ്ങിപ്പോയി
തൃപ്പൂണിത്തുറക്ക്‌
30 നാഴിക മുമ്പേ .

Friday, May 10, 2013

പര്യായപദങ്ങൾ
...........................................
ദൈവത്തെപ്പറ്റി
പറയുമ്പോഴൊക്കെ
സിസ്റ്റർകാർമ്മലിനെ
ഓർമ്മവരും
കുരിശുവര പഠിപ്പിച്ച്
കഠിനാക്ഷരങ്ങളുടെ
കയറ്റിറക്കങ്ങളിൽ
കൈ പിടിച്ചതവരാണ്

ദൈവത്തെക്കുറിച്ച്
എഴുതുമ്പോഴൊക്കെ
 സോമസുന്ദരൻ മാഷ്
തെളിഞ്ഞുവരും
നീ ചരിത്രം മെനയേണ്ട
എന്ന് കിഴുക്കി ,എട്ടിൽ
 സാമൂഹ്യപാഠത്തിനു
തോൽപ്പിച്ച്
വഴി തിരിച്ചു വിട്ടത്
അദേദഹമാണ്

ദൈവത്തെ
കാത്തിരിക്കുമ്പോഴൊക്കെ
സുനി എന്നു പേരുള്ള
ചങ്ങാതിയെ ഓർക്കും
ജീവിതം പാഴവേലയെന്ന്
മരണത്തിൻ നരച്ച കാർഡിൽ
എഴുതി നീട്ടി മാഞ്ഞു-
 പോയതവനാണ്

ദൈവം പ്രത്യക്ഷപ്പെടും
എന്നുതോന്നുമ്പോഴേക്കും
ഏട്ടനാവും  എത്തുക
ഒരു പൂള് മാമ്പഴത്തിൻ
മധുരത്തിനെന്നോ
തറവാടിൻ
ചവർപ്പിനെന്നൊ
അറിയില്ല
എന്റെ  ഒരേ ഒരു പ്രണയം
പറിച്ചു കളഞ്ഞയാളാണ് 

ദൈവം മാഞ്ഞു-
പോവുമ്പോഴൊക്കെ
എന്റെ മക്കളുടെ
അമ്മയെ ഓർത്തെടുക്കും
കൂട്ടു ജീവിതത്തിൻ
ഉപ്പുഭരണിയിൽ
എനിക്കൊപ്പം അഴുകുന്നത്
 അവളാണ് 

എന്നെങ്കിലുമൊരിക്കൽ
ദൈവത്തിനു പേരിടാൻ
ഉത്തരവ് കിട്ടിയാൽ
ഞാൻ
ജാനകിയെന്നുവിളിക്കും

അക്ഷരം വിശപ്പു മായ്ക്കും
എന്ന കേട്ടുകേഴ്വി
മുലപ്പാലിനൊപ്പം ഊട്ടിയ
എന്റെ നിരക്ഷരയുടെ
പേര്  

Thursday, April 25, 2013

ഇടവഴി,ഇരുച്ചക്രവണ്ടി
പരിചിതമമിരുൾ
മരിച്ചവൻ  ലിഫ്റ്റ്‌ ചോദിപ്പു
പിന്നിലൂടെ തോളിലമരുന്നു
കുശാലാന്വേഷണം
ഉടൽ ചുറ്റിപ്പിടിക്കും
മരണാനന്തര
ഈറൻ കാലം

      മരിച്ചവനാണ്
      ഒടുക്കത്തെ വാക്ക്
      ചോരയോടൊപ്പം
      മുറിവിലൂടൂർന്നു
      നനഞ്ഞതും
      പട്ടടയിൽ
      പൊട്ടിത്തെറിക്കാതെ
      ബാക്കിയായ തലയോടും
       ഒരു കനലൊർമ്മ

രാഷ്ട്രീയത്തിൽ തുടങ്ങി
സാഹിത്യത്തിലൂടെ
തിടം വച്ച്
വിപണികളിലേക്ക്
നീളുന്ന വർത്താനങ്ങൾ

           ഒടുവിൽ ,കുഴക്കും-
          ചോദ്യങ്ങളാൽ
           അവന്റെ പെണ്ണിൽ നിന്നെന്നെ
            ഉടലോടുയർത്തി
            ജാരനാക്കിച്ചിരിച്ച്‌ 
            മാഞ്ഞുപോകുന്നു
            മരിച്ചവൻ

പൊള്ളും കനൽചൂടു
ബാക്കിയാക്കി
പിൻസീറ്റു കാലിയാകുന്നു 
ചക്രങ്ങൾ ഊരിത്തെറിച്ച് 
എപ്പഴും പായുന്നു
ഇരുച്ചക്രവണ്ടി

Monday, March 25, 2013



......................................
അണുകുടുംബം
..............................

മുമ്പ് പ്രണയിച്ചിട്ടേയില്ലന്നു
ഞാൻ
അനാഘ്രാതയായിരുന്നെന്ന്
അവൾ
ഒന്നാമനായ് പഠിച്ചെന്നു
ഞാൻ
കൊല്ലപ്പരീക്ഷക്ക്
പനിവന്നുവെന്ന്
അവൾ
കവിയായിരുന്നുവെന്നു
ഞാൻ
നൃത്തം രക്തത്തിലുണ്ടന്ന്
അവൾ
കുഞ്ഞ് അവളേപ്പോലെന്നു
ഞാൻ
എന്നേപ്പോലെന്ന്
അവൾ .....
ആവർത്തിച്ചു ചൊല്ലി
നേരാക്കിയ
ഒത്തിരി നുണകൾക്കിടയിൽ
ഒറ്റമുറി ജീവിതവുമായി
ഞങ്ങൾ

Monday, March 18, 2013



മരുന്നും മരണവും
മണക്കുന്ന ജനാലയിൽ
ചിലപ്പോഴൊക്കെ
ഭൂതകാലത്തിലേക്ക് മാഞ്ഞ
അടയാളങ്ങൾ ഓർമ്മിപ്പിച്ച്
അല്ലങ്കിൽ
ഭാവിയിലെന്നോ ഉദിച്ച്
അസ്തമിച്ചേക്കാവുന്ന
കൊതിപ്പിക്കുന്നസൂചനകൾ നീട്ടി
ഓരോ ദിവസവും

കണ്‍മുമ്പിൽ
കടത്തിണ്ണയിൽ
പിടഞ്ഞെണീറ്റ
ഉറക്കങ്ങൾക്കുപിന്നാലെ
സ്വതന്ത്രത്തിൻ കൊളുത്തുകൾ
വീശി
ഒരു പോലീസ് ജീപ്പ്
ദിവസം ഒക്ടോബർ രണ്ടോ
ആഗസ്റ്റ് പതിനഞ്ചൊ ?

വിധവ പിറക്കുന്നേ
എന്നൊരു കരച്ചിലും
തിളച്ചു തൂവി
അടയാളമായി
മോർച്ചറിയിലേക്ക്
ഒഴുകിപ്പോയ  ആംബുലൻസ്

അന്ന് പകലത്രയും
വെളിച്ചം ഒളിച്ചു നടന്നു

നിറച്ച മരുന്നുകുപ്പി
ജീവിതമിറ്റിക്കുന്നു

നോക്കൂ
തപാൽ മാർഗം 
ഒത്തിരിയലഞ്ഞ്
തിരിച്ചെത്തിയ
പഴയ പ്രണയകവിത
തലനീട്ടുന്ന ദിവസം
അതിന്റെ  നെറുകയിലെ
ഉണങ്ങാത്ത മുറിവിൽ
നരച്ച തപാൽ സ്റ്റാമ്പ്‌

പാതാളത്തോളം
ഉടൽ  വെന്തു പോയി വരാം
എന്നൊരു വിളി
ഉയർന്നു പാറി 
ഹോട്ടൽ മുറിയുടെ
നരച്ച കണ്ണാടിയിൽ
ചുവന്നപൊട്ടായി
ജീവിതം പറിച്ചൊട്ടിച്ചവൾ
വള കിലുക്കുന്നു

വെളിച്ചം വന്നു
വിഷം തീണ്ടുവോളം
നായ്ക്കളേപ്പോലെ
കെട്ടിമറിയാം .....
എന്റെ മക്കളുടെ
ഒട്ടും കയ്യടി കിട്ടാ -
അമ്മ വേഷം വിളിക്കുന്നു

ദിവസം
ഒരിക്കലും പെയ്യാ
മേഘങ്ങൾ കൊണ്ട്
ഭൂമിയുടെ വറുതികളെ
കളിയാക്കുന്നു
ചോരയുണങ്ങാത്ത
തപാൽ സ്റ്റാമ്പ്‌
പനിത്തവളയായി
കൈ വെള്ളയിൽ
മിടിക്കുന്നു

തല കീഴായി തൂങ്ങും
മരുന്ന് കുപ്പി
അവസാനതുള്ളിയും 
ഇറ്റിച്ചു കാലിയാവുന്നു

മരണം
സ്ഥിതീകരിക്കും മുമ്പേ
പ്രണയത്തിന്റെ  പൂക്കളത്രയും
എന്നിൽ നിന്ന് കൊഴിഞ്ഞോ
എന്ന് നോക്കൂ
ഒന്നെങ്ങിലും ബാക്കിയുണ്ടങ്കിൽ
നീ അടർത്തുക
എങ്കിലേ
ഞാൻ
മരിക്കൂ